Monday, 22 November 2021

Maranamundakki Kalikkam





Maranamundakki Kalikkam is a play written and directed by Sagar babu. It's an adaptation of P V Shajikumar's short story with the same title. Sagar Babu conceived this play as his 3rd sem production of the MA Theatre course at Sree Sankaracharya University of Sanskrit, Kalady. Simi Xavier, Kalamandalam Devamanohari, Ananth Gejo Antony, Devadra khattana, Vaisakh Krishna, Charles joseph were also acted in this play

 

Photograph from Kaipamangalam


 

Monday, 25 May 2020

പോത്തിന് എന്ത് ഏത്ത വാഴ???



അവരാദ്യം (അവർ + ആദ്യം) യാചിച്ചു അത്രേ; എന്നിട്ടാണ് പൊളിച്ചത്. എത്ര മനോഹരമായ കാഴ്ചപ്പാട്. പടുത്തുയർത്തിയിട്ടുള്ളവന് മാത്രമേ പൊളിഞ്ഞു പോകുമ്പോൾ ഉള്ള വേദന മനസിലാകുകയുള്ളൂ. ചില താൽപര്യ സംരക്ഷകർക്ക്, കലാപം മാത്രമാണ് കലാപരമായി ചെയ്യാൻ സാധിക്കുക (അതിലെ കല നമ്മളെ പോലെയുള്ളവർക്ക് തിരിച്ചറിയാൻ സാധിക്കില്ല എന്ന വസ്തുത നില നിൽക്കുന്നു). കാലടിയിലാണ് സംഭവം; ശങ്കരാചാര്യർ ഇന്ന് മൂക്കിൽ വിരലിടുകയും നഖം കടിക്കുകയും ചെയ്തിരിക്കുന്നുണ്ടാവും. പൊളിക്കുന്നതിനിടക്ക് ആവേശം കയറിയപ്പോൾ "ഇത് ശങ്കരന്റെ മണ്ണാടാ" എന്ന് പറഞ്ഞെങ്കിലും മൂപ്പിലാൻ തുമ്മി ചത്തു കാണും.

നിങ്ങൾക്ക് ഇത് ഒരു പള്ളിയുടെ രൂപം. അത്രേ ഉള്ളു. ഇതിന് പണം മുടക്കിയാൾക്കോ?? പൊളിച്ചവർ പണിക്ക് പോകുന്നു എങ്കിൽ, അത് കൊണ്ട് അരി വാങ്ങി കഴിക്കുന്നു എങ്കിൽ ഇന്ന് കേരളം നിങ്ങളെയും പിതൃകളെയും അസംസ്‌കൃതവും തനിനാടനും വിഭിന്ന ഉജ്ജ്വല ശ്രേണിയിലുള്ള പദം ഉപയോഗിച്ച് വർണ്ണിക്കുക ഇല്ലായിരുന്നു. (പണി, പിതൃ എന്നീ വാക്കുകൾ ഇഷ്ടമല്ല എങ്കിൽ സാദരം മാപ്പാക്കണം).

2012ൽ നമ്മൾ രബീന്ദ്ര നാഥ ടാഗോറിന്റെ ചണ്ഡാലിക എന്ന നാടകം (വിവർത്തനം - ജി എസ് ശ്രീകുമാർ, സംവിധാനം - എസ് അനിൽകുമാർ, അവതരണം - രംഗപ്രഭാത്) ആദ്യ അവതരണം കഴിഞ്ഞ അടുത്ത ദിവസം അതിന് വേണ്ടി മാത്രം ഉണ്ടാക്കിയ കർട്ടൻ കത്തി പോയി. അന്ന് ആ നാടകത്തിന്റെ പുറകിൽ പ്രവർത്തിച്ച നമുക്ക് എല്ലാവർക്കും ഉണ്ടായ വിഷമവും, കാത്തു സൂക്ഷിക്കാൻ പറ്റാത്ത നിരാശയും വലുതാണ്. എന്നാൽ അത് തയ്ച്ചു തന്നെയാളുടെ വിഷമം കൂടുതലായിരുന്നു. അങ്ങനെ എങ്കിൽ, ലക്ഷങ്ങൾ മുടക്ക് മുതലായ ഈ പള്ളി ഉണ്ടാക്കിയവരുടെ ശ്രമം, വിയർപ്പ്, ചോര, ക്ഷമ, ആത്മാർഥത എല്ലാം നിങ്ങളുടെ കൂടത്തിനും, കോടാലിക്കും, muscle powerനും മുന്നിൽ വെണ്ണീർ ആകുന്ന ആ നിമിഷം ഒന്ന് ചിന്തിക്കാനെങ്കിലും സാധിക്കുമോ? ചിന്തിക്കാൻ ഇനി ജയിലിലും കോടതി വരാന്തയിലുമായി ഒരുപാട് സമയം കിട്ടട്ടെ എന്ന് ആത്മാർഥമായി മാത്രം ആഗ്രഹിക്കുന്നു.

വാൽ കഷണം -
നല്ല ഒരു റോസ പൂവ് കണ്ടാൽ അത് പറിച്ചു കൊണ്ട് പോയി പറയണം.... പേര്, നാള്..... ശീലങ്ങൾ മുറ്റി മുറ്റി മുറ്റുള്ളതാകും. (ആദ്യ വാചകം സമർപ്പയാമി)

പരിഹാരക്രിയ-
1.ഒരു Paragraphൽ നിന്ന് ഭഗത് സിംഗും, അംബേദ്കറും, മാർക്സും, ലെനിനും ഒക്കെ upgradation കൊടുത്ത് കുറഞ്ഞത് ഒരു പാഠമെങ്കിലും അനുവദിക്കുക
2. പൊയ്കയിൽ അപ്പച്ചൻ, ട്രോട്‌സ്കി തുടങ്ങിയവർക്ക് ഇനിയെങ്കിലും acceptance കൊടുത്ത് പാഠഭാഗങ്ങളിൽ സ്ഥാനം കൊടുക്കുക

സംശയം-
സ്‌കൂൾ പടി കാണാത്തവരോ????

സംശയ നിവാരണ സൂചിക-
(അത് ഞാനായിട്ട് പറയണില്ല)

Wednesday, 11 July 2018

ഒരു നാടകത്തെ പറ്റി (അല്ല)

നാടകത്തെ പറ്റി ചിലത് പഠിച്ചത്.ചിലത് അറിഞ്ഞത്.. ചില നാടകങ്ങൾ കാണുമ്പോൾ ഓർമവരുന്നത്....

അവർ മലമടക്കുകൾക്ക് നടുവിൽ നിന്ന് ഒരു കഥയിലൂടെ പറയാനുള്ളതൊക്കെ പറയും. ദൂരെയായിരിക്കും കാണികൾ.. അവർ പറയേണ്ടത് ഉച്ചത്തിൽ പറയുമ്പോൾ. സ്പഷ്ടമായി മനസിലാകാറുണ്ട്.. അതിന്റെ വികാരങ്ങൾ ഒട്ടും മങ്ങില്ല.. കേൾക്കാത്തതൊക്കെ കൂട്ടത്തിലെ കൂട്ടുകാർ (കോറസ്സ്) വിളിച്ച് പറയും. ഒരു പഴയ നാടക സംസ്കാരം. ഗ്രീസിലെ അരീനകളിൽ ആ സംസ്കാരം നിലനിന്നത്രേ.

പക്ഷേ നിങ്ങൾക്ക് മാത്രമല്ല നാടക സംസ്കാരം. നമ്മളും തീരെ മോശമല്ല. നല്ല പൊളപ്പൻ ശബ്ദത്തിൽ നാടകത്തിന്റെ സ്വഭാവം മനസിലാക്കി അരങ്ങ് തകർക്കുന്നവർ ഏറെയാണ്. നമ്മൾ നാടകം മനസിലാക്കാൻ തുടങ്ങിയ കാലം മുതൽ ശബ്ദവ്യായാമങ്ങൾ മുടക്കമിലാതെ ചെയ്യുന്നു. ഇനി ഞാൻ സമയം കളഞ്ഞതാണോ ചിലർ സമയം കളയാത്തതാണോ എന്നറിയില്ല. ഉറുമ്പിനെകൂട്ട് ശബ്ദമുള്ളവർക്കും വ്യായാമം ലവലേശം ഇല്ലാതെ അരങ്ങ് "തകർക്കാം". കാലങ്ങൾക്കിപ്പുറം ഉച്ചഭാഷിണികൾ നാടകവേദികളിൽ ശബ്ദിച്ചത് നാടകത്തിന്റെ മാറ്റ് കൂട്ടാനാണ്. Up stage ലെ കുഞ്ഞ് ശബ്ദങ്ങൾ പോലും രസികരിലേക്ക് എത്തിക്കാൻ രംഗത്തുള്ളവർക്ക് സാധിക്കണം. അതും നാടകത്തിന്റെ ധർമ്മമായി കാണണം. മനുഷ്യന്റെ തലക്കുള്ളിലെ നിരന്തര പ്രക്രിയ കണ്ടെത്തുലകൾക്ക് വഴിവെച്ചു എന്നത് ശരിയാണ്. മൈക്ക് കൊണ്ടു നടക്കാം ഇന്ന്; അരങ്ങിലും അണിയറയിലും. അങ്ങനെ എന്നാൽ എന്താ അണിയറ എന്ന് പുതിയ നാടക ശ്രേഷ്ഠരോട് അറിയാണ്ട് ചോദിക്കേണ്ടി വരും. കുഞ്ഞു കുട്ടിയുടെ ബുദ്ധിയുള്ള ഞാൻ പറയും. നാടകത്തിന്റെ രഹസ്യ കേന്ദ്രം. അവിടെയാണ് മായാജാലം സംഭവിക്കുന്നത്. അണിയറയിൽ ആരും കേൾക്കാതെ പലതും പറയാനുണ്ടാകും, ചെയ്യേണ്ടതുണ്ടാകും. പക്ഷേ അതുപോലും ചിലർ മറക്കുന്നു.ഉച്ഛസ്ഥായിയിലുള്ള രഹസ്യങ്ങൾ രസികർ കേട്ടാലോ ശാസ്ത്രത്തിന്റെ വിജയം എന്നും മനുഷ്യനെ തോല്പിച്ചിട്ടേയുള്ളൂ. നൂതന സാങ്കേതിക വിദ്യകൾ... നൂതനമായ പരിഹാസങ്ങൾ... ഞാൻ ഇനിയും ടോർച്ച് തെളിക്കും...

ഇനിയുള്ളത് അനശ്വര നാടക ഇതിഹാസം പ്രൊഫ. എസ്. രാമാനുജം സാറിന്റെ വാക്കുകളിൽ നിന്ന് കടമെടുത്ത് പറന്നതാകുന്നു ചിലത്. അഭിനയം എന്നാൽ നഖം മുതൽ മുടി വരെയാണ്. മുഖത്ത് വരുന്നത് മാത്രം വച്ച് നടൻ ഒരു നല്ല അഭിനേതാവ് എന്ന് പറയരുത്. അത് അവന്റെ പ്രതിഭാപ്രകടനം ( talent exhibition) മാത്രമാണ്. ചില നാടകക്കാരെ കാണണം. ചുണ്ട് മാത്രം അനങ്ങും. കണ്ണുകൾ തുറന്ന് പിടിക്കും. നിന്ന് അരങ്ങ് "തകർക്കും". ചോദ്യം ചെയ്താൽ ഉത്തരം "സൂക്ഷ്മാഭിനയത്തെ പറ്റി നിനക്കെന്തറിയാം" എന്നായിരിക്കും.നാടകം കളിക്കുന്നത് വല്ല്യ ഒരു വിഭാഗത്തിന് വേണ്ടിയാണ്. അതിന്റെ അറ്റത്തുള്ളവർ വരെ അഭിനേതാവിന്റെ ഉദ്ദേശ്യം മനസിലാക്കണം. എന്നാണ് പഠിച്ചത്. സൂക്ഷ്മമായി അഭിനയിക്കുന്ന നമുക്ക് എന്തിനാ ഹേ, നിങ്ങട ഉപദേശം. ചോദിച്ചാൽ വലഞ്ഞില്ലേ.  ചോദിച്ചവർ മനസിൽ ഇങ്ങനെ ഒരു കൂട്ടിച്ചേർക്കൽ നടത്തും ആരും കേൾക്കാതെ (സിനിമയിൽ അഭിനയിക്കാൻ പോകുന്ന നമുക്കെന്തിന് നാടകം. ) എന്ന് വച്ചാൽ സ്നേഹം നാടകത്തോടല്ല, മറിച്ച് സിനിമാ അഭിനയ മോഹത്തിനാലാണെന്ന് വ്യക്തം. തെറ്റാന്നല്ല, മറിച്ച് രണ്ടിന്റെയും ക്യാൻവാസ് വ്യത്യസ്തമാണ് ; അതോർക്കുന്നത് നല്ലത്. നിങ്ങളുടെ സൂക്ഷ്മാഭിനയം, മനസിലാക്കാനുള്ള പാടവമൊന്നും നമുക്കില്ലാ.
പ്രായം പോലും ഗൗനിക്കാതെ തന്റെ പ്രകടനം സത്യസന്ധമായി നടത്തുന്നവരെ ബഹുമാനിക്കുന്നു. എന്നാൽ യുവത്വം അരങ്ങിൽ കയറുമ്പോൾ ഓർക്കേണ്ടത് സ്വന്തം ധർമ്മം നടത്തി തീർക്കുന്നതിലല്ല, മറിച്ച് നാടക ധർമ്മം ഉൾക്കൊള്ളുന്നതിലാണ്. യുവ നാടക ശ്രേഷ്ഠരേ... ഞങ്ങളാരും നിങ്ങളെ കാണാൻ വരുന്നതല്ല.. ആ നാടകം കാണാൻ വരുന്നതാണ്....

NB: 1. കഥയിൽ ചോദ്യം നഹീം
       2. കഥയും കഥാപാത്രങ്ങളും തമ്മിൽ പുലബന്ധം പോലും ഇല്ല

Tuesday, 12 December 2017

കോഴോത്സവത്തെ പറ്റി.....

തിരുവനന്തപുരം ജില്ലാ കോഴോത്സവം സമാപ്പിച്ചപ്പോൾ ബാക്കി വച്ച സന്തോഷങ്ങൾ....

നുമ്മ നാടകത്തിന്റ  പിറകെ ആയത് കൊണ്ട് നാടകക്കാരെ കുറിച്ച് പറയാം.. നാടകത്തെ കുറിച്ച് കീറി മുറിക്കാൻ നുമ്മ അത്രകണ്ട് ആളല്ല..

ചെറിയ ക്ലാസ്സിൽ ക്രിക്കറ്റ് വല്ല്യ ഇഷ്ടമായിരുന്നു. അന്ന് നല്ല കളിക്കുന്ന ആൾക്കാരെ മാറ്റുന്നതിന്റ പരിഭ്രമത്തിൽ ഞാനും ചേട്ടനും സെലക്ഷൻ കമ്മിറ്റിക്കാരെ ചീത്ത പറയും. അപ്പൊ അച്ഛൻ പറയും അതൊക്കെ മുംബൈ ലോബിയുടെ കളിയാകും. ലോബി- അത്രകണ്ടങ്ങട് മനസിലായില്ല. നാളേറെ കഴിഞ്ഞപ്പോ ഒരു നാടക സുഹൃത്ത് പറഞ്ഞു ഇന്നത്തെ ഹയർ സെക്കൻഡറി നാടക മത്സരവും ജഡ്ജിങ് പാനലുമൊക്കെ ഒരു ലോബിയുടെ കീഴിലാ. സുഹൃത്തിന്റെ നിരീക്ഷണത്തിൽ വല്ല്യ വിശ്വാസം ഇല്ലാ. എന്ന് ഞാൻ പറയുന്നുമില്ല. പക്ഷേ ഇവറ്റകളെ (judges) ആരോ നിയന്ത്രിക്കുന്നു. ഒരു സംഘം ആൾക്കാർ വെറും കച്ചവടമായി കലോൽസവത്തെ വീക്ഷിക്കുന്നു. അവരുടെ കയ്ക്കുളിലെ നാണക്കേടുകളായി വിധികർത്താക്കൾ മാറുന്നു. ഇതിന് ഒത്താശ ചെയ്യുന്ന പ്രോഗ്രാം കമ്മിറ്റി ഒക്കെ രസകരമായ കാഴ്ചകളാണ്.
ഞാനും എന്റെ ജേഷ്ഠ സുഹൃത്ത് ഹരീഷും കലോൽസവ നാടക വേദിയിൽ ഇത്‌ രണ്ടാം തവണയാണ്. അത് കൊണ്ട് നമ്മുടെ നാടകത്തിന് വലിയ മേന്മ പറയുന്നുമില്ല. പക്ഷേ നല്ല നാടകങ്ങൾ വേറെ ഉണ്ടായിരുന്നു. ഒരു യഥാർത്ഥ നാടക രൂപം എന്ന നിലയിൽ നമ്മടെ നാടകം അത്ര മോശമൊന്നും അല്ല താനും (കണ്ടവർ പറഞ്ഞതാണ്). ഈച്ച കോപ്പി നാടകങ്ങൾ എന്ന് യൂ പി വിഭാഗത്തിൽ വിധി നിർണയിച്ച പങ്കവന്മാർ ഹയർ സെക്കൻഡറി വിഭാഗം ആയപ്പോൾ ഒന്നാം സമ്മാനം നൽകിയത് ആവർത്തനം വിരസതയിൽ മുങ്ങിയ ഒരു നാടകത്തിന്.. എന്താ കഥ അല്ലേ.. നാടകം സെറ്റിനും മ്യൂസിക്കിനും മാറ്റ് വർക്കുകൾക്കും വേണ്ടി ആണോ അതോ ഇവയെല്ലാം നാടകത്തിന് വേണ്ടിയാണോ.. എന്നായിരുന്നു നമ്മുടെയൊക്കെ സന്ദേഹം. 
ഒന്നാം സമ്മാനം കിട്ടി വന്നു എന്നും വർഷങ്ങളായി നാടകം ചെയ്യുന്നു എന്ന കാരണത്താലാകും ഈ ലോബി നമ്മെ നോട്ടമിട്ടത്. മൈക്ക് ഓപ്പറേറ്ററെ മാറ്റി അനാവശ്യ ഒച്ചപ്പാടുകൾ മൈക്ക് തന്നെ ഉണ്ടാക്കി കുട്ടികളുടെ മാനസിക നില തെറ്റിക്കുകയായിരുന്നു ആരുടെയോ ലക്ഷ്യം. ഒന്നും അറിയില്ല എന്ന് പറയുന്ന പാവം പ്രോഗ്രാം കമ്മിറ്റി. നാടകത്തെ സ്നേഹിച്ചു അരങ്ങിൽ ഒരു നാടകം എത്തിക്കുമ്പോൾ ചില ഗിമ്മിക്കുകൾ കാട്ടുന്നവർ പുണ്യാളന്മാരാകുന്നു. നാടകത്തിന് ഒരു നിർത്തില്ലാതെ പോയാലും, പൂർണമായ ആശയം വ്യക്തമായില്ലേലും പ്രശ്നമില്ല. കാരണം അരങ്ങിൽ ഉണ്ടാക്കുന്ന കേവല മാന്ത്രികതകൾക്കാണ് കൂടുതൽ പ്രാധാന്യം. ലക്ഷങ്ങൾ പ്രതിഫലം വാങ്ങുമ്പോൾ വിധികർത്താക്കളെ കൂടെ കൂട്ടിയില്ലേൽ മോശമല്ലേ. ആരോടാണ് പാവപ്പെട്ട നാടകക്കാർ പരാതി പറയേണ്ടത്. സംഘടനകൾ പോലും മേൽപ്പറഞ്ഞ ലോബിക്ക് അടിമകളാണ്. 

അത്യന്തമായി സബ്ജില്ല വിധികർത്താക്കൾ ഗിമ്മിക്കുകളെ മാറ്റി നിർത്തുന്ന തരത്തിൽ വിധി പ്രഖ്യാപനം നടത്തിയാൽ ഇവറ്റകൾ ജില്ലാ കോഴോത്സവം വരെ എത്തില്ല.  

വീണ്ടും നമ്മുടേത് വലുതെന്നും മറ്റുള്ളവരുടേത് മോശമെന്നും ഞാൻ അവകാശപ്പെടുന്നില്ല.. പക്ഷെ നമ്മുടേതിനെക്കാൾ നല്ല നാടകങ്ങൾ അവിടെയുണ്ടായിരുന്നു. അവയെ എല്ലാം അവഗണിച്ചാണ് കുട്ടികളുടെ സ്പേസ് ഉപയോഗിക്കാൻ സമ്മതിക്കാതെ സെറ്റിനും പ്രോപ്പർടീസിനും മ്യൂസിക്കിനും വേണ്ടിയുള്ള കാട്ടിക്കൂട്ടലുകൾക്ക് മികച്ച സ്ഥാനങ്ങൾ. ഇത് ചില നാടകവംശങ്ങളുടെ ഉത്തരവാദിത്വമാണ്. വാങ്ങുന്ന ലക്ഷങ്ങൾക്കുള്ള പ്രതിഫലം. നാടകത്തെ സ്നേഹിക്കുന്നവരെ തളർത്താനും കലോത്സവങ്ങൾക്ക് തുടർന്ന് നാടകം ചെയ്യാതിരിക്കാനും വേണ്ടി മേൽപ്പറഞ്ഞവർ ചെയ്യുന്ന ലോബി കളികൾ വളരെ വലുതാണ്. 
ഡി പി ഐ, പ്രോഗ്രാം കമ്മിറ്റി തുടങ്ങിയവയെല്ലാം സദാ ജാഗരൂകരാകണം. ഇപ്പോഴുള്ള പോലെയല്ല, കളികൾ നടക്കാതിരിക്കാൻ. നന്മക്ക് വേണ്ടി നാടകം ചെയ്യണം, ദുഷിപ്പിന് വേണ്ടിയല്ല. 

കളിച്ചു തളർന്ന കഥകളും കളികളും മാറട്ടെ, നാണമില്ലാത്ത വിധികർത്താക്കളും മാറട്ടെ, നാണയം മാത്രം മോഹിച്ച് നാടകത്തെ വിൽക്കുന്ന നാടകവംശവും തുലയട്ടെ. നാണക്കേടില്ലാത്ത ഒരു കലോത്സവം ഉണ്ടാകട്ടെ... ഒന്നാം സമ്മാനം നേരത്തെ ബുക്ക് ചെയ്യപ്പെടാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കാം.

Share it....
അധികാരികൾ അറിയട്ടെ...

Tuesday, 7 November 2017

പ്രശാന്ത് മിത്രൻ: കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകത്തെ കുറിച്ച്

കഴിഞ്ഞ നവംബർ 1ന് തൈക്കാട് ഗണേഷം ഓഡിറ്റോറിയത്തിൽ കുഞ്ഞുണ്ണിയുടെ യാത്ര പുസ്തകം അവതരിപ്പിച്ചിരുന്നു. നാടകത്തെ പറ്റി പ്രശസ്ത നാടക പ്രവർത്തകനും എഴുത്തുകാരനും ഒക്കെ ആയ ശ്രീ. പ്രശാന്ത് മിത്രൻ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയത് ചുവടെ ചേർക്കുന്നു

എസ്.ആർ.ലാലിന്റെ പ്രശസ്ത കൃതിയായ, കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകത്തെ അധികരിച്ച് ശ്രീ.അശോക് ശരി രചനയും സംവിധാനവും നിർവ്വഹിച്ച് രംഗപ്രഭാത് അവതരിപ്പിച്ച നാടകം ഇന്നലെ തിരുവനന്തപുരത്ത് ഗണേശത്തിൽ വച്ചു കണ്ടു.
ദേശീയ പുരസ്കാരം ലഭിച്ച ആ നോവലിന്റെ അന്തസത്ത ഒട്ടും ചോർന്നു പോകാതെ അതിനെ നാടക രൂപത്തിലാക്കി സംവിധാനം ചെയ്ത ശ്രീ അശോക് ശശിക്ക് ആദരം. ഭാവനയും യാഥാർത്യവും കെട്ടുപിണയുന്ന ആ കൃതിയെ അതേ തരംഗദൈർഘൃത്തിൽ പുനരവതരിപ്പിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കാം.
അതോടൊപ്പം എടുത്തു പറയേണ്ട രണ്ടഭിനേതാക്കളെക്കുറിച്ചു കൂടി എഴുതേണ്ടതുണ്ട്. ഒന്നാമത്തെയാൾ ഹരീഷ്‌. പതിനഞ്ചു വർഷമായി ഞാനിയാളുടെ അഭിനയത്തെ സ്നേഹത്തോടെ ആദരവോടെ വീക്ഷിച്ചു വരികയാണ്. ഒരുപാട് സിദ്ധികളുള്ള നടൻ. ഈ നാടകത്തിൽ ഓർഫനേജിലെ പുരോഹിതന്റെ വേഷത്തിലും മാർത്താണ്ഡൻ എന്ന വില്ലന്റെ വേഷത്തിലും സാന്ദർഭികമായി രംഗത്തു വരുന്ന എസ്.കെ.പൊറ്റെക്കാടിന്റെ വേഷത്തിലും ഹരീഷ് അസാധാരണമായ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.( ഇത് അയാളുടെ ഒറ്റപ്പെട്ട പ്രകടനമല്ല എന്നറിയുക ) നാടകീയത ഒട്ടുമില്ലാത്ത സ്വാഭാവിക അഭിനയം; അതാണ് ഹരീഷിനെ വ്യത്യസ്തനാക്കുന്നത്. ഭിന്ന പ്രകൃതികളായ മൂന്നു കഥാപാത്രങ്ങളായി ഒരേ വേദിയിൽ പ്രകൃത മാറ്റം കൈക്കൊണ്ട് അഭിനയം കാഴ്ചവെയ്ക്കുക എന്നത് അത്ര എളുപ്പപ്പണിയല്ലെന്ന് നമുക്കൊക്കെ മനസ്സിലാവും. ആ ദുഷ്കര കർമ്മമാണ് ഹരീഷിനെ നടനെന്ന നിലയിൽ ഉയർത്തി നിർത്തുന്നത്. ഹരീഷിന് കൂടുതൽ വിപുലമായ വേദികളിലേക്കും അഭിനയത്തിന്റെ വേറിട്ട മണ്ഡലങ്ങളിലേക്കും ഉയർന്നു പോകാൻ സാഹചര്യം ഒരുങ്ങട്ടെ എന്നാശംസിക്കുന്നു. അങ്ങനെ സാഹചര്യമൊരുക്കാൻ കഴിവുള്ളവർ ഈ കലാകാരനെ ശ്രധിക്കണം എന്നഭ്യർത്ഥിക്കുന്നു.
രണ്ടാമത്തെയാൾ അഭിഷേക് . ഓർഫനേജിൽ അച്ചന്റെ സഹായിയായ പ്രഭാകരനായും മാർത്താണ്ഡന്റെ കൂട്ടാളിയായ ശർമ്മയായും കുഞ്ഞുണ്ണിയുടെ ഗുരുവായ മനമ്പാടിയായും വേഷമിടുന്ന അഭിഷേകും അഭിനയത്തിൽ പാത്ര സ്വഭാവമനുസരിച്ച് വ്യത്യസ്തതകൾ കൊണ്ടുവരികയും സംഭാഷണത്തിനപ്പുറം ഭാവം കൊണ്ട് അഭിനയം സാധ്യമാക്കുകയും ചെയ്തിരിക്കുന്നു. അഭിഷേകിനും കൂടുതൽ അവസരങ്ങൾ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു -പ്രശാന്ത് മിത്രൻ

നല്ല വാക്കുകൾക്ക് നന്ദി സ്നേഹം

Friday, 29 September 2017

കുഞ്ഞുണ്ണിയുടെ യാത്ര പുസ്തകം

2016ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള പുരസ്കാരം നേടിയ എസ് ആർ ലാലിന്റെ കൃതിയാണ് കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം. ആ നോവലിന് രംഗസാക്ഷാത്കാരം ലഭിക്കുകയാണ് രംഗപ്രഭാതിലൂടെ. അശോക് ശശി രംഗപാഠവും സംവിധാനവും ഒരുക്കുന്ന ഈ നാടകത്തിന്റെ ആദ്യ പ്രദർശനം രംഗപ്രഭാതിൽ നടക്കുന്ന ദേശിയ നാടകോത്സവത്തിന്റെ സമാപന ദിവസം ഒക്ടോബർ 1ന് അരങ്ങേറും.

ഏകദേശം 1മണിക്കൂർ 40മിനിറ്റ് വരുന്ന നാടകത്തിൽ അരങ്ങിലും അനിയറായിലുമായി 30ഓളം കലാകാരന്മാർ പ്രവർത്തിക്കുന്നു. കുഞ്ഞുണ്ണി എന്ന കേന്ദ്ര കഥാപാത്രത്തെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ രംഗപ്രഭാത്തിന്റെ കലാകാരൻ ഹരിരാജ് അവതരിപ്പിക്കുന്നു. കുഞ്ഞുണ്ണിയുടെ വൃദ്ധകാലവും അയ്യപ്പൻ എന്ന അടിമയായും അഖിൽ ബാബു വേഷമിടുന്നു.  രംഗപ്രഭാതിന്റെ മുതിർന്ന കലാകാരൻ ഹരീഷ് രംഗപ്രഭാത്‌ ആബേൽ അച്ഛൻ, മാർത്താണ്ഡൻ എന്ന മന്ത്രവാദി, എസ് കെ പൊറ്റക്കാട് എന്നീ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രംഗപ്രഭാത്‌ പ്രസിഡന്റ്  കെ എസ് ഗീത അതേ പേരിൽ ഗീത ടീച്ചറായി തന്നെ എത്തുന്നു. നാടോടി, അറകൊല മാടൻ, കൊള്ളക്കാരൻ, ഗേറ്റ് വാച്ചർ എന്നീ കഥാപാത്രങ്ങളെ അമൽ ഗോപിനാഥ് അവതരിപ്പിക്കുന്നു. ചിത്രലേഖ, ബിമൽ ഗോപിനാഥ്, ധനു സാമ്പൻ, നന്ദന ശ്രീകുമാർ, നവിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ഞാനും (അഭിഷേക് രംഗപ്രഭാത്‌) വേഷമിടുന്നു.

വിഭു പിരപ്പൻകോടിന്റെ ഗാനങ്ങൾക്ക് കെ എസ് ഗീത സംഗീതമൊരുക്കുകയും ചെയ്യുന്നു. കെ എസ് ഗീത, വിഭു പിരപ്പൻകോട്, അജിത് ജി കൃഷ്ണൻ, അവനി എന്നിവർ പാടിയിരിക്കുന്നു. പശ്ചാത്തല സംഗീതവും റെക്കോർഡിങ്ങും നിർവഹിച്ചിരിക്കുന്നത് അനിൽ എം അർജ്ജുനൻ (ആരഭി സ്റ്റുഡിയോ).

പ്രോസീനിയം സ്റ്റേജിന്റെ പരിമിധികൾ മാറ്റിമറിച്ചുകൊണ്ടുള്ള സംവിധാന ശൈലിയിൽ ഒരുക്കിയിരിക്കുന്ന നാടകത്തിന്റെ ദീപസംവിധാനവും ദീപവിധാനവും നിർവഹിക്കുന്നത് രംഗപ്രഭാത്‌ സെക്രട്ടറി കൂടിയായ അനിൽ എസ് രംഗപ്രഭാതാണ്.

വക്കം മാഹിനാണ് ആർട് ഡിസൈൻ ചെയ്തിരിക്കുന്നത്. രമ്യ അനിൽ സഹ സംവിധാനം നിർവഹിക്കുന്നു. ആനന്ദ് ജി ആർ ആണ് സംഗീത നിയന്ത്രണം നിർവഹിക്കുന്നത്.

എസ് ഹരികൃഷ്ണനാണ് ചീഫ് കോർഡിനേറ്റർ.

തെക്കൻ കേരളത്തിൽ തുടങ്ങി ആഫ്രിക്ക വരെ എത്തുന്ന 13 വയസുകാരനായ കുഞ്ഞുണ്ണിയുടെ കഥ തീർച്ചയായും ഒരു ദൃശ്യ വിരുന്നായിരിക്കും

കുഞ്ഞുണ്ണിയുടെ യാത്ര പുസ്തകം

മൂല കഥ - എസ് ആർ ലാൽ
രംഗപാഠം, സംവിധാനം - അശോക് ശശി
അവതരണം - രംഗപ്രഭാത്‌ കുട്ടികളുടെ നാടകവേദി, വെഞ്ഞാറമൂട്