Tuesday, 7 November 2017

പ്രശാന്ത് മിത്രൻ: കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകത്തെ കുറിച്ച്

കഴിഞ്ഞ നവംബർ 1ന് തൈക്കാട് ഗണേഷം ഓഡിറ്റോറിയത്തിൽ കുഞ്ഞുണ്ണിയുടെ യാത്ര പുസ്തകം അവതരിപ്പിച്ചിരുന്നു. നാടകത്തെ പറ്റി പ്രശസ്ത നാടക പ്രവർത്തകനും എഴുത്തുകാരനും ഒക്കെ ആയ ശ്രീ. പ്രശാന്ത് മിത്രൻ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയത് ചുവടെ ചേർക്കുന്നു

എസ്.ആർ.ലാലിന്റെ പ്രശസ്ത കൃതിയായ, കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകത്തെ അധികരിച്ച് ശ്രീ.അശോക് ശരി രചനയും സംവിധാനവും നിർവ്വഹിച്ച് രംഗപ്രഭാത് അവതരിപ്പിച്ച നാടകം ഇന്നലെ തിരുവനന്തപുരത്ത് ഗണേശത്തിൽ വച്ചു കണ്ടു.
ദേശീയ പുരസ്കാരം ലഭിച്ച ആ നോവലിന്റെ അന്തസത്ത ഒട്ടും ചോർന്നു പോകാതെ അതിനെ നാടക രൂപത്തിലാക്കി സംവിധാനം ചെയ്ത ശ്രീ അശോക് ശശിക്ക് ആദരം. ഭാവനയും യാഥാർത്യവും കെട്ടുപിണയുന്ന ആ കൃതിയെ അതേ തരംഗദൈർഘൃത്തിൽ പുനരവതരിപ്പിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കാം.
അതോടൊപ്പം എടുത്തു പറയേണ്ട രണ്ടഭിനേതാക്കളെക്കുറിച്ചു കൂടി എഴുതേണ്ടതുണ്ട്. ഒന്നാമത്തെയാൾ ഹരീഷ്‌. പതിനഞ്ചു വർഷമായി ഞാനിയാളുടെ അഭിനയത്തെ സ്നേഹത്തോടെ ആദരവോടെ വീക്ഷിച്ചു വരികയാണ്. ഒരുപാട് സിദ്ധികളുള്ള നടൻ. ഈ നാടകത്തിൽ ഓർഫനേജിലെ പുരോഹിതന്റെ വേഷത്തിലും മാർത്താണ്ഡൻ എന്ന വില്ലന്റെ വേഷത്തിലും സാന്ദർഭികമായി രംഗത്തു വരുന്ന എസ്.കെ.പൊറ്റെക്കാടിന്റെ വേഷത്തിലും ഹരീഷ് അസാധാരണമായ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.( ഇത് അയാളുടെ ഒറ്റപ്പെട്ട പ്രകടനമല്ല എന്നറിയുക ) നാടകീയത ഒട്ടുമില്ലാത്ത സ്വാഭാവിക അഭിനയം; അതാണ് ഹരീഷിനെ വ്യത്യസ്തനാക്കുന്നത്. ഭിന്ന പ്രകൃതികളായ മൂന്നു കഥാപാത്രങ്ങളായി ഒരേ വേദിയിൽ പ്രകൃത മാറ്റം കൈക്കൊണ്ട് അഭിനയം കാഴ്ചവെയ്ക്കുക എന്നത് അത്ര എളുപ്പപ്പണിയല്ലെന്ന് നമുക്കൊക്കെ മനസ്സിലാവും. ആ ദുഷ്കര കർമ്മമാണ് ഹരീഷിനെ നടനെന്ന നിലയിൽ ഉയർത്തി നിർത്തുന്നത്. ഹരീഷിന് കൂടുതൽ വിപുലമായ വേദികളിലേക്കും അഭിനയത്തിന്റെ വേറിട്ട മണ്ഡലങ്ങളിലേക്കും ഉയർന്നു പോകാൻ സാഹചര്യം ഒരുങ്ങട്ടെ എന്നാശംസിക്കുന്നു. അങ്ങനെ സാഹചര്യമൊരുക്കാൻ കഴിവുള്ളവർ ഈ കലാകാരനെ ശ്രധിക്കണം എന്നഭ്യർത്ഥിക്കുന്നു.
രണ്ടാമത്തെയാൾ അഭിഷേക് . ഓർഫനേജിൽ അച്ചന്റെ സഹായിയായ പ്രഭാകരനായും മാർത്താണ്ഡന്റെ കൂട്ടാളിയായ ശർമ്മയായും കുഞ്ഞുണ്ണിയുടെ ഗുരുവായ മനമ്പാടിയായും വേഷമിടുന്ന അഭിഷേകും അഭിനയത്തിൽ പാത്ര സ്വഭാവമനുസരിച്ച് വ്യത്യസ്തതകൾ കൊണ്ടുവരികയും സംഭാഷണത്തിനപ്പുറം ഭാവം കൊണ്ട് അഭിനയം സാധ്യമാക്കുകയും ചെയ്തിരിക്കുന്നു. അഭിഷേകിനും കൂടുതൽ അവസരങ്ങൾ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു -പ്രശാന്ത് മിത്രൻ

നല്ല വാക്കുകൾക്ക് നന്ദി സ്നേഹം

No comments:

Post a Comment