Tuesday, 12 December 2017

കോഴോത്സവത്തെ പറ്റി.....

തിരുവനന്തപുരം ജില്ലാ കോഴോത്സവം സമാപ്പിച്ചപ്പോൾ ബാക്കി വച്ച സന്തോഷങ്ങൾ....

നുമ്മ നാടകത്തിന്റ  പിറകെ ആയത് കൊണ്ട് നാടകക്കാരെ കുറിച്ച് പറയാം.. നാടകത്തെ കുറിച്ച് കീറി മുറിക്കാൻ നുമ്മ അത്രകണ്ട് ആളല്ല..

ചെറിയ ക്ലാസ്സിൽ ക്രിക്കറ്റ് വല്ല്യ ഇഷ്ടമായിരുന്നു. അന്ന് നല്ല കളിക്കുന്ന ആൾക്കാരെ മാറ്റുന്നതിന്റ പരിഭ്രമത്തിൽ ഞാനും ചേട്ടനും സെലക്ഷൻ കമ്മിറ്റിക്കാരെ ചീത്ത പറയും. അപ്പൊ അച്ഛൻ പറയും അതൊക്കെ മുംബൈ ലോബിയുടെ കളിയാകും. ലോബി- അത്രകണ്ടങ്ങട് മനസിലായില്ല. നാളേറെ കഴിഞ്ഞപ്പോ ഒരു നാടക സുഹൃത്ത് പറഞ്ഞു ഇന്നത്തെ ഹയർ സെക്കൻഡറി നാടക മത്സരവും ജഡ്ജിങ് പാനലുമൊക്കെ ഒരു ലോബിയുടെ കീഴിലാ. സുഹൃത്തിന്റെ നിരീക്ഷണത്തിൽ വല്ല്യ വിശ്വാസം ഇല്ലാ. എന്ന് ഞാൻ പറയുന്നുമില്ല. പക്ഷേ ഇവറ്റകളെ (judges) ആരോ നിയന്ത്രിക്കുന്നു. ഒരു സംഘം ആൾക്കാർ വെറും കച്ചവടമായി കലോൽസവത്തെ വീക്ഷിക്കുന്നു. അവരുടെ കയ്ക്കുളിലെ നാണക്കേടുകളായി വിധികർത്താക്കൾ മാറുന്നു. ഇതിന് ഒത്താശ ചെയ്യുന്ന പ്രോഗ്രാം കമ്മിറ്റി ഒക്കെ രസകരമായ കാഴ്ചകളാണ്.
ഞാനും എന്റെ ജേഷ്ഠ സുഹൃത്ത് ഹരീഷും കലോൽസവ നാടക വേദിയിൽ ഇത്‌ രണ്ടാം തവണയാണ്. അത് കൊണ്ട് നമ്മുടെ നാടകത്തിന് വലിയ മേന്മ പറയുന്നുമില്ല. പക്ഷേ നല്ല നാടകങ്ങൾ വേറെ ഉണ്ടായിരുന്നു. ഒരു യഥാർത്ഥ നാടക രൂപം എന്ന നിലയിൽ നമ്മടെ നാടകം അത്ര മോശമൊന്നും അല്ല താനും (കണ്ടവർ പറഞ്ഞതാണ്). ഈച്ച കോപ്പി നാടകങ്ങൾ എന്ന് യൂ പി വിഭാഗത്തിൽ വിധി നിർണയിച്ച പങ്കവന്മാർ ഹയർ സെക്കൻഡറി വിഭാഗം ആയപ്പോൾ ഒന്നാം സമ്മാനം നൽകിയത് ആവർത്തനം വിരസതയിൽ മുങ്ങിയ ഒരു നാടകത്തിന്.. എന്താ കഥ അല്ലേ.. നാടകം സെറ്റിനും മ്യൂസിക്കിനും മാറ്റ് വർക്കുകൾക്കും വേണ്ടി ആണോ അതോ ഇവയെല്ലാം നാടകത്തിന് വേണ്ടിയാണോ.. എന്നായിരുന്നു നമ്മുടെയൊക്കെ സന്ദേഹം. 
ഒന്നാം സമ്മാനം കിട്ടി വന്നു എന്നും വർഷങ്ങളായി നാടകം ചെയ്യുന്നു എന്ന കാരണത്താലാകും ഈ ലോബി നമ്മെ നോട്ടമിട്ടത്. മൈക്ക് ഓപ്പറേറ്ററെ മാറ്റി അനാവശ്യ ഒച്ചപ്പാടുകൾ മൈക്ക് തന്നെ ഉണ്ടാക്കി കുട്ടികളുടെ മാനസിക നില തെറ്റിക്കുകയായിരുന്നു ആരുടെയോ ലക്ഷ്യം. ഒന്നും അറിയില്ല എന്ന് പറയുന്ന പാവം പ്രോഗ്രാം കമ്മിറ്റി. നാടകത്തെ സ്നേഹിച്ചു അരങ്ങിൽ ഒരു നാടകം എത്തിക്കുമ്പോൾ ചില ഗിമ്മിക്കുകൾ കാട്ടുന്നവർ പുണ്യാളന്മാരാകുന്നു. നാടകത്തിന് ഒരു നിർത്തില്ലാതെ പോയാലും, പൂർണമായ ആശയം വ്യക്തമായില്ലേലും പ്രശ്നമില്ല. കാരണം അരങ്ങിൽ ഉണ്ടാക്കുന്ന കേവല മാന്ത്രികതകൾക്കാണ് കൂടുതൽ പ്രാധാന്യം. ലക്ഷങ്ങൾ പ്രതിഫലം വാങ്ങുമ്പോൾ വിധികർത്താക്കളെ കൂടെ കൂട്ടിയില്ലേൽ മോശമല്ലേ. ആരോടാണ് പാവപ്പെട്ട നാടകക്കാർ പരാതി പറയേണ്ടത്. സംഘടനകൾ പോലും മേൽപ്പറഞ്ഞ ലോബിക്ക് അടിമകളാണ്. 

അത്യന്തമായി സബ്ജില്ല വിധികർത്താക്കൾ ഗിമ്മിക്കുകളെ മാറ്റി നിർത്തുന്ന തരത്തിൽ വിധി പ്രഖ്യാപനം നടത്തിയാൽ ഇവറ്റകൾ ജില്ലാ കോഴോത്സവം വരെ എത്തില്ല.  

വീണ്ടും നമ്മുടേത് വലുതെന്നും മറ്റുള്ളവരുടേത് മോശമെന്നും ഞാൻ അവകാശപ്പെടുന്നില്ല.. പക്ഷെ നമ്മുടേതിനെക്കാൾ നല്ല നാടകങ്ങൾ അവിടെയുണ്ടായിരുന്നു. അവയെ എല്ലാം അവഗണിച്ചാണ് കുട്ടികളുടെ സ്പേസ് ഉപയോഗിക്കാൻ സമ്മതിക്കാതെ സെറ്റിനും പ്രോപ്പർടീസിനും മ്യൂസിക്കിനും വേണ്ടിയുള്ള കാട്ടിക്കൂട്ടലുകൾക്ക് മികച്ച സ്ഥാനങ്ങൾ. ഇത് ചില നാടകവംശങ്ങളുടെ ഉത്തരവാദിത്വമാണ്. വാങ്ങുന്ന ലക്ഷങ്ങൾക്കുള്ള പ്രതിഫലം. നാടകത്തെ സ്നേഹിക്കുന്നവരെ തളർത്താനും കലോത്സവങ്ങൾക്ക് തുടർന്ന് നാടകം ചെയ്യാതിരിക്കാനും വേണ്ടി മേൽപ്പറഞ്ഞവർ ചെയ്യുന്ന ലോബി കളികൾ വളരെ വലുതാണ്. 
ഡി പി ഐ, പ്രോഗ്രാം കമ്മിറ്റി തുടങ്ങിയവയെല്ലാം സദാ ജാഗരൂകരാകണം. ഇപ്പോഴുള്ള പോലെയല്ല, കളികൾ നടക്കാതിരിക്കാൻ. നന്മക്ക് വേണ്ടി നാടകം ചെയ്യണം, ദുഷിപ്പിന് വേണ്ടിയല്ല. 

കളിച്ചു തളർന്ന കഥകളും കളികളും മാറട്ടെ, നാണമില്ലാത്ത വിധികർത്താക്കളും മാറട്ടെ, നാണയം മാത്രം മോഹിച്ച് നാടകത്തെ വിൽക്കുന്ന നാടകവംശവും തുലയട്ടെ. നാണക്കേടില്ലാത്ത ഒരു കലോത്സവം ഉണ്ടാകട്ടെ... ഒന്നാം സമ്മാനം നേരത്തെ ബുക്ക് ചെയ്യപ്പെടാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കാം.

Share it....
അധികാരികൾ അറിയട്ടെ...