Wednesday, 11 July 2018

ഒരു നാടകത്തെ പറ്റി (അല്ല)

നാടകത്തെ പറ്റി ചിലത് പഠിച്ചത്.ചിലത് അറിഞ്ഞത്.. ചില നാടകങ്ങൾ കാണുമ്പോൾ ഓർമവരുന്നത്....

അവർ മലമടക്കുകൾക്ക് നടുവിൽ നിന്ന് ഒരു കഥയിലൂടെ പറയാനുള്ളതൊക്കെ പറയും. ദൂരെയായിരിക്കും കാണികൾ.. അവർ പറയേണ്ടത് ഉച്ചത്തിൽ പറയുമ്പോൾ. സ്പഷ്ടമായി മനസിലാകാറുണ്ട്.. അതിന്റെ വികാരങ്ങൾ ഒട്ടും മങ്ങില്ല.. കേൾക്കാത്തതൊക്കെ കൂട്ടത്തിലെ കൂട്ടുകാർ (കോറസ്സ്) വിളിച്ച് പറയും. ഒരു പഴയ നാടക സംസ്കാരം. ഗ്രീസിലെ അരീനകളിൽ ആ സംസ്കാരം നിലനിന്നത്രേ.

പക്ഷേ നിങ്ങൾക്ക് മാത്രമല്ല നാടക സംസ്കാരം. നമ്മളും തീരെ മോശമല്ല. നല്ല പൊളപ്പൻ ശബ്ദത്തിൽ നാടകത്തിന്റെ സ്വഭാവം മനസിലാക്കി അരങ്ങ് തകർക്കുന്നവർ ഏറെയാണ്. നമ്മൾ നാടകം മനസിലാക്കാൻ തുടങ്ങിയ കാലം മുതൽ ശബ്ദവ്യായാമങ്ങൾ മുടക്കമിലാതെ ചെയ്യുന്നു. ഇനി ഞാൻ സമയം കളഞ്ഞതാണോ ചിലർ സമയം കളയാത്തതാണോ എന്നറിയില്ല. ഉറുമ്പിനെകൂട്ട് ശബ്ദമുള്ളവർക്കും വ്യായാമം ലവലേശം ഇല്ലാതെ അരങ്ങ് "തകർക്കാം". കാലങ്ങൾക്കിപ്പുറം ഉച്ചഭാഷിണികൾ നാടകവേദികളിൽ ശബ്ദിച്ചത് നാടകത്തിന്റെ മാറ്റ് കൂട്ടാനാണ്. Up stage ലെ കുഞ്ഞ് ശബ്ദങ്ങൾ പോലും രസികരിലേക്ക് എത്തിക്കാൻ രംഗത്തുള്ളവർക്ക് സാധിക്കണം. അതും നാടകത്തിന്റെ ധർമ്മമായി കാണണം. മനുഷ്യന്റെ തലക്കുള്ളിലെ നിരന്തര പ്രക്രിയ കണ്ടെത്തുലകൾക്ക് വഴിവെച്ചു എന്നത് ശരിയാണ്. മൈക്ക് കൊണ്ടു നടക്കാം ഇന്ന്; അരങ്ങിലും അണിയറയിലും. അങ്ങനെ എന്നാൽ എന്താ അണിയറ എന്ന് പുതിയ നാടക ശ്രേഷ്ഠരോട് അറിയാണ്ട് ചോദിക്കേണ്ടി വരും. കുഞ്ഞു കുട്ടിയുടെ ബുദ്ധിയുള്ള ഞാൻ പറയും. നാടകത്തിന്റെ രഹസ്യ കേന്ദ്രം. അവിടെയാണ് മായാജാലം സംഭവിക്കുന്നത്. അണിയറയിൽ ആരും കേൾക്കാതെ പലതും പറയാനുണ്ടാകും, ചെയ്യേണ്ടതുണ്ടാകും. പക്ഷേ അതുപോലും ചിലർ മറക്കുന്നു.ഉച്ഛസ്ഥായിയിലുള്ള രഹസ്യങ്ങൾ രസികർ കേട്ടാലോ ശാസ്ത്രത്തിന്റെ വിജയം എന്നും മനുഷ്യനെ തോല്പിച്ചിട്ടേയുള്ളൂ. നൂതന സാങ്കേതിക വിദ്യകൾ... നൂതനമായ പരിഹാസങ്ങൾ... ഞാൻ ഇനിയും ടോർച്ച് തെളിക്കും...

ഇനിയുള്ളത് അനശ്വര നാടക ഇതിഹാസം പ്രൊഫ. എസ്. രാമാനുജം സാറിന്റെ വാക്കുകളിൽ നിന്ന് കടമെടുത്ത് പറന്നതാകുന്നു ചിലത്. അഭിനയം എന്നാൽ നഖം മുതൽ മുടി വരെയാണ്. മുഖത്ത് വരുന്നത് മാത്രം വച്ച് നടൻ ഒരു നല്ല അഭിനേതാവ് എന്ന് പറയരുത്. അത് അവന്റെ പ്രതിഭാപ്രകടനം ( talent exhibition) മാത്രമാണ്. ചില നാടകക്കാരെ കാണണം. ചുണ്ട് മാത്രം അനങ്ങും. കണ്ണുകൾ തുറന്ന് പിടിക്കും. നിന്ന് അരങ്ങ് "തകർക്കും". ചോദ്യം ചെയ്താൽ ഉത്തരം "സൂക്ഷ്മാഭിനയത്തെ പറ്റി നിനക്കെന്തറിയാം" എന്നായിരിക്കും.നാടകം കളിക്കുന്നത് വല്ല്യ ഒരു വിഭാഗത്തിന് വേണ്ടിയാണ്. അതിന്റെ അറ്റത്തുള്ളവർ വരെ അഭിനേതാവിന്റെ ഉദ്ദേശ്യം മനസിലാക്കണം. എന്നാണ് പഠിച്ചത്. സൂക്ഷ്മമായി അഭിനയിക്കുന്ന നമുക്ക് എന്തിനാ ഹേ, നിങ്ങട ഉപദേശം. ചോദിച്ചാൽ വലഞ്ഞില്ലേ.  ചോദിച്ചവർ മനസിൽ ഇങ്ങനെ ഒരു കൂട്ടിച്ചേർക്കൽ നടത്തും ആരും കേൾക്കാതെ (സിനിമയിൽ അഭിനയിക്കാൻ പോകുന്ന നമുക്കെന്തിന് നാടകം. ) എന്ന് വച്ചാൽ സ്നേഹം നാടകത്തോടല്ല, മറിച്ച് സിനിമാ അഭിനയ മോഹത്തിനാലാണെന്ന് വ്യക്തം. തെറ്റാന്നല്ല, മറിച്ച് രണ്ടിന്റെയും ക്യാൻവാസ് വ്യത്യസ്തമാണ് ; അതോർക്കുന്നത് നല്ലത്. നിങ്ങളുടെ സൂക്ഷ്മാഭിനയം, മനസിലാക്കാനുള്ള പാടവമൊന്നും നമുക്കില്ലാ.
പ്രായം പോലും ഗൗനിക്കാതെ തന്റെ പ്രകടനം സത്യസന്ധമായി നടത്തുന്നവരെ ബഹുമാനിക്കുന്നു. എന്നാൽ യുവത്വം അരങ്ങിൽ കയറുമ്പോൾ ഓർക്കേണ്ടത് സ്വന്തം ധർമ്മം നടത്തി തീർക്കുന്നതിലല്ല, മറിച്ച് നാടക ധർമ്മം ഉൾക്കൊള്ളുന്നതിലാണ്. യുവ നാടക ശ്രേഷ്ഠരേ... ഞങ്ങളാരും നിങ്ങളെ കാണാൻ വരുന്നതല്ല.. ആ നാടകം കാണാൻ വരുന്നതാണ്....

NB: 1. കഥയിൽ ചോദ്യം നഹീം
       2. കഥയും കഥാപാത്രങ്ങളും തമ്മിൽ പുലബന്ധം പോലും ഇല്ല